പുല്‍പ്പള്ളി: മരിയ ജംഗ്ഷന് - ചുണ്ടക്കൊല്ലി റോഡിനിരുവശവുമുള്ള കാടുകള്‍ വെട്ടിനീക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് ആവശ്യം.
റോഡിന് ഇരുവശവും വളര്‍ന്നുപന്തലിച്ചു കാടുകള്‍ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് നില്ക്കാന്പോലും കഴിയാത്ത അവസ്ഥയാണ്. അമ്പലപ്പടി ഉന്നതിമുതല് റേഞ്ച് ഓഫീസ് വരെയുള്ള ഭാഗങ്ങളിലാണ് കാടുകള്‍ ഇരുവശവും വളര്‍ന്നു നില്‍ക്കുന്നത്. കാടുകള്‍ വെട്ടിമാറ്റുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മുന്‍കാലങ്ങളില്‍ റോഡിനിരുവശവും കാടുകള്‍ വളര്‍ന്നു പന്തലിച്ച് നില്ക്കുമ്പോള് പ്രദേശവാസികളുടെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ഇത്തവണ ആരും കാടുകള്‍ വെട്ടിനീക്കാത്തതുമൂലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി റോഡിന് ഇരുവശവുമുള്ള കാടുകള്‍ വെട്ടിത്തെളിക്കാനാവശ്യമായ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീതി കുറഞ്ഞ റോഡായതിനാല്‍ കാടുകള്‍ തിങ്ങിനില്ക്കുന്നത് വാഹന യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.